ബോംബിട്ട് തകർക്കണമെന്ന് ഒരുപാട് തവണ ആഗ്രഹിച്ച ആ സ്കൂൾ. തോമാശ്ളീഹായുടെ പള്ളിയും ഗീവർഗ്ഗീസ് പുണ്യാളന്റെ കുരിശടിയും
കരവലയത്തിലെന്നപോലെ പൊതിഞ്ഞു സംരക്ഷിക്കുന്ന St Mary’s LP സ്കൂൾ ആഞ്ഞിലിമൂട്. ശതവർഷ പാരമ്പര്യത്തിന്റെ ഗതകാല സ്മരണകൾ പേറുന്ന ന്റെ വിദ്യാലയം. പതതാം ക്ലാസ്സും പ്ലസ് ടു വും കലാലയ കാലവുമൊക്കെ മഷി പുരണ്ട സ്ഥിതിയ്ക്ക് സ്കൂൾ മുത്തശ്ശിയെ എങ്ങനെ മറക്കും.
ഞങ്ങൾ തോളിൽ കയ്യിട്ട് നടന്നത്, കളിച്ചത്, പരിഭവിച്ചത്, സ്നേഹിച്ചത്, അക്ഷരങ്ങളെ അറിഞ്ഞത്, വളർന്നത് ഒക്കെ ആ മുറ്റാത്തല്ലേ….
പല പല നാളുകൾ ഞാനൊരു പുഴുവായ് പവിഴകൂട്ടിലുറങ്ങിയ പൂമ്പാറ്റ തന്റെ കഥ പറയുന്നത് അത്ഭുതത്തോടെ കേട്ടത് അവിടെയാണ്.
ഒന്നാനാം കൊച്ചു തുമ്പിയെ വീട്ടിലേക്കു വിളിച്ചത്, മരമണ്ടൻ മല്ലന്റെ മണ്ടത്തരങ്ങൾ കേട്ട് ചിരിച്ചത്, സമുദ്ര ലംഘനത്തിൽ സുരസയുടെ മുന്നിൽ ഹനുമാന്റെ വീര്യം കണ്ടു അത്ഭുതപെട്ടത്,
എല്ലാം ആ പള്ളിക്കൂടത്തിന്റെ മാറിലാണ്.
കഴിഞ്ഞ തവണ ലീവിന് നാട്ടിൽ ചെന്നപ്പോൾ പള്ളിമുറ്റത്ത് ആ ടീച്ചർസ്, ന്റെ ഒന്നാം ക്ലാസ്സ് മുതൽ അഞ്ചാം ക്ലാസ്സ് വരെയുള്ള സ്കൂൾ ജീവിതത്തിൽ വഴികാട്ടിയവർ. ഒരു പാട്ടുകുർബാന കഴിഞ്ഞു പള്ളിമുറ്റത്ത് പൊതി ഡിസ്ട്രിബ്യുഷനൊക്കെ ന്തോ വലിയ ആളെപ്പോലെ നിയന്ത്രിച്ചുകൊണ്ടിരുന്ന എന്നെ പിന്നിൽ നിന്നൊരു വിളി, ജോമേഷേ, പൊതി എല്ലാർക്കും കിട്ടുമോ..?? ങേ ! ആരെടാ എന്നെ കളിയാക്കാൻ മാത്രം വളർന്നത് എന്ന് ആലോചിച്ചു തിരിഞ്ഞ് നോക്കുന്നതും അതാ മുന്നിൽ
വിജയമ്മ ടീച്ചറും ജോസഫി ടീച്ചറും.
ദൈവമേ ഞാൻ ഇപ്പോഴും ഒന്നാം ക്ലാസ്സിലാണോ? ഇവരിനി ചോദ്യം ചോദിച്ചു അടിക്കാൻ എങ്ങാനും വിളിക്കുവാണോ എന്നൊക്കെ തെല്ലൊന്ന് ശങ്കിച്ചു. എന്നെ കളിയാക്കി ചിരിച്ചു രണ്ടാളും, സ്ഥലകാല ബോധം വീണ്ടെടുത്ത് ഞാൻ ഓടിച്ചെന്നു. അല്ലാ ഇതിപ്പോ ഇവർക്ക് പ്രായമാകാത്തതോ അതോ എനിക്ക് പ്രായമാകാത്തതോ? രണ്ടാൾക്കും വലിയ മാറ്റമൊന്നുമില്ല. പൊതി നിയന്ത്രണം ഞാനല്ലേ ക്യാഷ് നോക്കിയില്ല രണ്ടാൾക്കും ഗുരുദക്ഷിണ ഓരോ പൊതി എക്സ്ട്രാ കൊടുത്തു ന്റെ വിനയം ഞാൻ ഊട്ടിയുറപ്പിച്ചു. ഹല്ല പിന്നെ..
ഇത്രയും പ്രായമായ എന്നെ ഇപ്പോഴും ഉപദേശിക്കാൻ ഇവർക്ക് എങ്ങനെ സാധിക്കുന്നെന്ന് ഇടയ്ക്കൊക്കെ ഞാൻ ആലോചിക്കാറുണ്ട്. അവരൊക്കെ വെറും അദ്ധ്യാപകർ മാത്രമായിരുന്നില്ലല്ലോ എന്ന ഉത്തരമാണ് കിട്ടാറുള്ളത്. വിജയമ്മ ടീച്ചർ ഇടവക പള്ളിയിൽ തന്നെ ആയതുകൊണ്ട് അന്നുമിന്നും ഒരു വഴികാട്ടി. VBS, kcym അങ്ങനെ എവിടെ ആയാലും വിജയമ്മ ടീച്ചർന്റെ ഒരു പിടി എപ്പോഴും ഉള്ളപോലെ തോന്നും. ജോസഫി ടീച്ചർ കുറച്ചു അകലെയായത് കൊണ്ട് ന്തേലും വിശേഷമൊക്കെ ഉള്ളപ്പോൾ മാത്രമേ കാണാറുള്ളു.
നഴ്സറി മുതൽ അഞ്ചാം ക്ലാസ്സ് വരെ പഠിച്ച സ്കൂൾ. പഠിച്ചോ എന്ന് വീണ്ടും തറപ്പിച്ചു ചോദിച്ചാൽ എനിക്ക് ഉത്തരം മുട്ടുന്നത് കാണാം. തറ പറ പന ഓർമ്മയുണ്ട്. പിന്നെ ഓർമ്മയുള്ളത് കഞ്ഞിയും പയറുമാണ്. ഉച്ചയ്ക്ക് കഞ്ഞി കുടിച്ചിട്ട് പയർ വാങ്ങി വൈകുന്നേരം വീട്ടിൽ കൊണ്ടുവന്നു സ്വല്പം തേങ്ങയും ചിരകിയിട്ട് പഞ്ചാരയും ഇട്ട് കുഴച്ചടിച്ചാലുണ്ടല്ലോ ന്റെ സാറേ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല്ലല്ലല്ലല്ല. സ്കൂളിന്റെ ഓഫീസ് എവിടെന്ന് ചോദിച്ചാ ചിലപ്പോൾ പെട്ടെന്ന് പറയാൻ പറ്റില്ല, പക്ഷെ കഞ്ഞിപ്പെര അത് ഏത് നട്ടപ്പാതിരായ്ക്കും പറയും, അതാണുറുമീസ്.
സ്ളേറ്റും പെൻസിലും, എഴുതിയത് മായ്ക്കാൻ പച്ചിലയും. പുസ്തകം കൊണ്ടുവരാൻ അലുമിനിയം പെട്ടി സ്വന്തമായി ഉണ്ടായിരുന്ന ചുരുക്കം ചിലർ, ഗമ ഉണ്ടായിരുന്നോ എന്നൊന്നും അന്ന് നോക്കിയിട്ടില്ല. മുബാറക് അതിൽ ഒരാൾ ഓനെന്റെ നല്ല ചങ്ങായിയും.
സലിംഷാ അനക്കും ഉണ്ടായിരുന്നു ല്ല്യേ പെട്ടി? ഓർക്കുന്നില്ല ഇനി ഇയ്യ് അന്റെ പെട്ടി ഓർത്തില്ലന്ന് ശണ്ഠയ്ക്ക് വരണ്ട. ശാലിനി നിനക്ക് അന്ന് സൈക്കിൾ ഉണ്ടായിരുന്നോ ഓർമ കിട്ടുന്നില്ല കുഞ്ഞേ? അഞ്ചാം ക്ലാസ്സ് കഴിഞ്ഞു പലവഴി പിരിഞ്ഞവർ പല സ്കൂളിലും വീണ്ടും കണ്ടുമുട്ടി. എന്നാൽ ഇന്നും ഞാൻ ഇതുവരെ കണ്ടു മുട്ടാത്ത ചിലർ ആര്യ, സിദ്ദിഖ് എന്ന വില്ലൻ, ഷൈൻ, പിന്നെ പ്രിൻസിന്റെ ബ്രൊ ബൈജു, പിന്നെ ജിജോ ജോൺ. ഓലൊക്കെ ഇപ്പൊ എവിടെയാണോ ആവോ? അജി ഇയ്യ് ഞങ്ങളെ വിട്ട് പോയത് ഒരു തീരാ ദുഃഖമാണല്ലോ അളിയാ. കുമ്പൻ പ്രസാദിന്റെ ആക്രമണത്തിൽനിന്ന് നീ പലപ്പോഴും എനിക്ക് രക്ഷകനായിരുന്നു. നിന്നെ ഓർക്കുമ്പോഴൊക്കെ ഉള്ളിലൊരു വിങ്ങലാടാ….
കാൽ മുട്ടുകൾ പഞ്ചറാക്കിയ കല്ലുകൾ നിറഞ്ഞ സ്കൂൾ മുറ്റവും. അന്നും ഇന്നും കൂട്ടായിരിക്കുന്ന ചങ്ങായിമാരും. കാലുകൾ രണ്ട് തവണ ഒടിഞ്ഞു പ്ലാസ്റ്റർ ഇട്ടത് അഞ്ചാം ക്ലാസ്സിലായിരുന്നപ്പോഴാണ്. സ്കൂളിലെ സ്റ്റേജ് ആയി ഉപയോഗിക്കുന്ന മൂലയ്ക്കലെ ക്ലാസ്സ് മാത്രം മറ്റുള്ള ക്ലാസ്സുകളെക്കാൾ പൊക്കത്തിലാണ്. ഒരിക്കൽ പോലീസ് ഓടിച്ചപ്പോൾ അവിടെ കിടന്ന ബഞ്ചിൽ നിന്നെടുത്ത് ചാടിയതാ. ചെന്ന് വീണത് താഴെ ബുക്ക് ഇട്ട് മടക്കി വച്ചിരുന്ന ഏതോ തുണിക്കടയുടെ പരസ്യമുള്ള കവറിൽ. അത് സ്ലിപ് ആയി കാലും തിരിഞ്ഞു കൊഴ തെറ്റി. കള്ളൻ പോലീസ് പിടിയിലും. കാലിൽ പ്ലാസ്റ്ററും.